സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയെ കുറിച്ച് ഞാനൊരു കഥ പറയട്ടെ…കഥയ്ക്ക് ആദ്യാവസാനമുണ്ടാവുമല്ലോ ഈ കഥയ്ക്ക് അവസാനമില്ല…. അതുകൊണ്ട് എഴുതുന്നത് എന്താണെന്നറിയില്ല……. നാലുവയസ്സുള്ള കുഞ്ഞാണവൾ..ഒന്നാം ക്ളാസ്സിലെ ഉയരം കുറഞ്ഞ ബഞ്ചിലിരുന്ന് സഹപാഠികളെയും അദ്ദ്യാപകനെയും അന്തംവിട്ടു നോക്കിയിരിക്കുന്നവൾ.. കട്ടി മീശയുള്ള മലയാളം പഠിപ്പിക്കുന്ന സഹദേവൻ മാഷാണവളുടെ ആദ്യ ഗുരു..മാഷു ചൊല്ലി കൊടുക്കുന്ന മലയാള അക്ഷരങ്ങൾ ഏറ്റു ചൊല്ലുന്നതാണവളുടെ ആദ്യ ഓർമ്മ… ചുവപ്പും പച്ചയുും നിറമുള്ള രണ്ടു കബിളിയുടുപ്പുകൾ അവൾക്കുണ്ടായിരുന്നു.
അതിലൊന്നിൽ മുയലിൻറ്റെയും മറ്റൊന്നിൽ ആപ്പിൾ ഓറഞ്ച് മുന്തിരിയുടെയും ചിത്രങ്ങളുണ്ടായിരുന്നു..ഒഴിവുസമയങ്ങളിൽ അവളുടെ കൂട്ടുകാരികൾ അടുത്തുവന്ന് മുയലിനെ പിടിക്കട്ടെ ആപ്പിളും മുന്തിരിയും പറിക്കട്ടെ എന്നു ചോദിച്ചു ചിണുങ്ങും …ഉടുപ്പിൽ നിന്നും അവ പറുച്ചെടുക്കുന്നതായവർ നടിക്കും.എലിസബത്ത് രാഞ്ജിയുടെ തലയെടുപ്പോടെ അപ്പോഴവൾ നിവർന്നിരിക്കും. ബാല്യത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓർമ്മയാണത്…!
വെള്ളയിൽ വയലറ്റു പൂക്കളുള്ള വള്ളിപ്പാവടയും അതേ കുപ്പായവുമണിഞ്ഞ് ആകെ മുഷിഞ്ഞു നാറി മയമില്ലാത്ത പാറിപ്പറക്കുന്ന മുടിയുമായിട്ടായിരിക്കും മിക്കപ്പോഴും അവളലയുക.!.കുറെ കുട്ടികൾ ചുറ്റും കൂടിയിരുന്നു വളപ്പൊട്ടുകളിക്കുബോൾ ബന്ധുവായ അവളുടെ ചേച്ചി പറഞ്ഞു’ നിന്നെ നാറിയിട്ടു വയ്യ പോ പോയി കുളിച്ചുവാ’..ആകെ നാണിച്ച് പതുക്കെയെണീറ്റ് തേങ്ങി കരഞ്ഞ് കുളിപ്പുരയിലേയ്ക്ക് നടന്നു .അലക്കുകല്ലിനടുത്ത് കുളിപ്പുരയുടെ ജാലകം തുറന്നാൽ വെള്ളത്തൊട്ടി കാണാം സോപ്പും തോർത്തുമെടുത്ത് തന്നെപോലുള്ള പത്തിരുപതുപേർക്ക് ഒളിച്ചിരിക്കാനിടമുള്ള വെള്ളത്തൊട്ടിയിലെ വെള്ളം പെരുവിരലിലെത്തിനിന്ന് കോരിയെടുത്തവൾ കുളിച്ചുതുടങ്ങി…അപ്പോൾ വെള്ളവും സോപ്പും ഒഴിച്ചു കളയുന്നതിന് ഉമ്മുമ്മയവളെ ഉറക്കെ വഴക്കു പറയും… ആ ഓർമ്മകൾ മായാതെ നിൽക്കുന്നതു കൊണ്ടാവാം മുതിർന്നപ്പോൾ ശരീരവും വസ്ത്രവും വ്ര്യത്തിയായി സൂക്ഷിക്കാനവൾ ശ്രദ്ധിച്ചു..!
Illustration by Twinkle Maria George
അവൾക്കാരുമുണ്ടായിരുന്നില്ല….അല്ല അവൾക്കെല്ലാവരും ഉണ്ടായിരുന്നു ഉമ്മുമ്മ, മൂത്തുമ്മ, ചെറിയുമ്മ ,മാമ,വല്ല്യുപ്പ അങ്ങനെ പലരും ..പക്ഷേ അവളുടെയുമ്മ ഒരു മനോരോഗിയായിരുന്നു ….സൈനുവിൻറ്റെ മകൾ….നേരത്തിന് ഭക്ഷണം നൽകാൻ,കുളിപ്പിക്കാൻ ,ചേർത്തുപിടിച്ചുമ്മവയ്ക്കാൻ ആരുമില്ലാത്തവൾ…! നാലു ദോശ കഴിച്ചുവെന്നു പറഞ്ഞു മൂത്തുമ്മ കുറ്റപ്പെടുത്തുന്നതു കേട്ട് പീന്നീടെന്നുമ്മവൾ രണ്ടു ദോശയേ കഴിക്കുമായിരുന്നുള്ളൂ …! കളത്തിലെ ഓട്ടുപുരയ്ക്കകം നിറയെ നെല്ലും മുറിയോളം വലുപ്പമുള്ള പത്തായത്തിനകം നിറയെ പലഹാരങ്ങളും അന്നുമ്മ വീട്ടിലുണ്ടായിരുന്നു..!! വലിയ അടുക്കളയിലെ ഇരുണ്ട മൂലയിൽ പലകയിട്ട് ഇരുന്ന് വറ്റു താഴെ വീണാൽ ചീത്ത കേൾക്കുമെന്ന് ഭയന്ന് പതുക്കെ ചോറുവാരി തിന്നുന്നവൾ..!
‘നിൻറ്റെ തല മുഴുക്കെ പേനാണ് പോയി മൊട്ടയടിച്ചുവാ..എൻെറ്റ കുട്ടിക്കില്ല ഇത്രയും നീണ്ട മുടി ..അവടെയൊരു പത്രാസ്….!! നാണയത്തുട്ടുകൾ കൈവെള്ളയിലിട്ടു തന്ന് മൂത്തുമ്മ പറഞ്ഞ വാക്കുകൾ . ബാർബർ കടയിൽ ചെന്ന് കുനിഞ്ഞിരുന്ന് മടിയിലിറ്റുവീഴുന്ന മുടിച്ചുരുളാണോ കണ്ണുനീർത്തുള്ളിയാണോ എണ്ണക്കൂടുതൽ എന്നോർത്തവൾ..! അന്ന് കണ്ണുതുടച്ച കൈയ്യിലെ ചൂടുകൊണ്ട് തല തടവിയതു കൊണ്ടാവാം പിന്നീടൊരിക്കലും നീളൻ മുടിയവൾക്കുണ്ടായില്ല…!
നിറയെ ഈത്തപ്പഴങ്ങളുള്ള അറബിയുടെ നാട്ടിൽ പണം പറിക്കാൻ പോയതാണവളുടെയുപ്പ..മാസംന്തോറും അവൾക്കും കുഞ്ഞനുജത്തിയ്ക്കും ഉമ്മയ്ക്കും ചിലവിനുള്ള പണം വല്ല്യുപ്പയുടെ പേർക്ക് ഉപ്പയയച്ചുകൊടുക്കും .എന്കിലും വല്ല്യുപ്പയവളെ എപ്പോഴും വഴക്കുപറയും.കാരണം അവൾ സൈനുവിൻ്റെ മകളാണ്.! ‘സൈറ’ ..ഒരിക്കൽ നന്നെ പുലർച്ചെ കറുപ്പിൽ നനുത്ത പൂക്കളുള്ള സാരിയണിഞ്ഞ് ചിന്നം പെയ്യുന്ന മഴയുടെ ഇരുട്ടിലേയ്ക്ക് ഉമ്മ നടന്നു പോയതവളൊരിക്കും മറന്നില്ല..നോക്കി നിൽക്കവെ ഉള്ളിലുയർന്നുവന്ന തേങ്ങൽ ആരും കേൾക്കാതിരിക്കാൻ ഓടി ചെന്ന് തലയണയിൽ മുഖമ്മർത്തി കിടന്നു. ഉപ്പയുടെ അടുത്തേയ്ക്കു പോയതാണവളുടെയുമ്മ.അന്നനുഭവപ്പെട്ട അനാഥത്വം പിന്നീടെപ്പോഴുമവളെ പിന്തുടർന്നു…
അവളും ഉമ്മയും ഒരുമുറിലാണുറങ്ങുക.രാത്രി ഏറെ വൈകുന്നതുവരെ ഉമ്മയുറക്കെ വർത്തമാനം പറയും .ആരെയോ ചീത്ത പറയുന്നതാണ്. ചിലപ്പോൾ അവളുടെ തല മടിയിലെടുത്തു വച്ച് പിന്നോ ചെവിക്കുത്തിയോ കൊണ്ട് ചെവി വ്ര്യത്തിയാക്കും..അന്നേരം വേദനകൊണ്ട് നിലവിളിക്കുന്നയവളെ കുറെയടിയ്ക്കും..കരഞ്ഞു തളർന്നവളുറങ്ങും….! കുളിപ്പിക്കുവാനോ ഒരുനേരം ഭക്ഷണം വിളബിത്തരാനോ ഉമ്മയ്ക്കിഷ്ടമില്ല …!!! അവളോടലിവു കാണിച്ച കുഞ്ഞുമ്മേടെ വീട്ടിലെ ഇത്താത്തയെ അവൾക്കിഷ്ട്ടമായിരുന്നു.ചില രാത്രികളിൽ കളികഴിഞ്ഞ് അവരോടൊപ്പം ഉറങ്ങാൻ കിടക്കും.ഉമ്മ വിളിക്കാൻ വരുബോൾ അവൾ കണ്ണടച്ചുറക്കം നടിച്ചു കിടക്കും.’അവൾ അവിടെ കിടന്നോട്ടെ’ചിലപ്പോൾ കുഞ്ഞിപ്പ പറയും.ആ ദിവസങ്ങൾ അവൾക്കു പെരുന്നാളായിരുന്നു….ഉമ്മയുടെ അടിയും ചീത്തയും ഒന്നും കേൾക്കേണ്ടല്ലോ….!
ഉമ്മ പോയതിൽ പിന്നെയവൾ തനിച്ചൊരു മുറിയിലാണുറങ്ങിയിരുന്നത്..പേടിച്ച് ഇരുട്ടിലേയ്ക്കു നോക്കി കിടക്കുബോൾ മുകളിൽ കൺമുന്നിലായി വർണ്ണപ്പൊട്ടുകൾ പറക്കുന്നുണ്ടാവും..!പതിയെ കൈയ്യുയർത്തി അവളതു പിടിക്കാൻ നോക്കും..സാവധാനം കൈക്കുമ്പിൾ തുറന്നാൽ വർണ്ണപ്പൊട്ടുകൾ കാണാം…¡!! സന്കൽപങ്ങളുടെ വർണ്ണാഭമായ ലോകത്തിലേയ്ക്കവൾ പറന്നു തുടങ്ങിയതന്നുതൊട്ടായിരുന്നു…!!!
Commentaires